08:28pm 10 November 2026
NEWS
ഉമ്മൻ ചാണ്ടി അനശ്വരനായ ജനകീയ നേതാവ് എം എം ഹസൻ
18/07/2025  08:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഉമ്മൻ ചാണ്ടി അനശ്വരനായ ജനകീയ നേതാവ് എം എം ഹസൻ

കൊച്ചി: കാലമെത്ര കഴിഞ്ഞാലും ജന മനസ്സുകളിൽ ജീവിക്കുന്ന അനശ്വരനായ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് മുൻ യുഡിഎഫ് കൺവീനർ എം എം ഹസൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ ടൗൺഹാളിൽ സംഘടിപ്പിക്കപ്പെട്ട ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങളും പ്രതിസന്ധികളും കേൾക്കുകയും അതിന് പരിഹാരം കാണുകയും ചെയ്തിട്ടുള്ള നേതാവായിരുന്നു ഉമ്മൻചാണ്ടി. തനിക്ക് മുന്നിൽ വരുന്ന ഏതൊരു സാധാരണക്കാരന്റെയും പ്രശ്നങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന നിലയ്ക്കുള്ള പ്രസക്തി ഉമ്മൻചാണ്ടി നൽകിയിട്ടുണ്ട്. കൊച്ചു കുട്ടികൾക്കുപോലും പേരെടുത്ത് വിളിക്കുവാനുള്ള സ്വാതന്ത്ര്യം ഒരു ജനപ്രതിനിധിയിൽ നിന്നും ലഭിക്കുകയെന്നത് വലിയ കാര്യമാണ്. സദാസമയവും ജനങ്ങളുടെ പ്രശ്നങ്ങളായിരുന്നു ഉമ്മൻചാണ്ടിയുടെ കൂട്ട്. കോൺഗ്രസ് പാർട്ടിയെയും കെട്ടുറപ്പോടെ ഒറ്റക്കെട്ടായി നയിക്കുന്നതിൽ വളരെ വലിയ സംഭാവനകൾ ആയിരുന്നു അദ്ദേഹം നൽകിയിരുന്നത്. ഇന്ന് നാം അനുഭവിക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളുടെയും നേതൃത്വമായിരുന്നത് സാക്ഷാൽ ഉമ്മൻചാണ്ടി തന്നെയായിരുന്നു. മറ്റ് പലരും തങ്ങളുടേത് എന്ന നിലയിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്ന വികസനഗോപുരങ്ങളുടെ എല്ലാം സൃഷ്ടാവ് ഉമ്മൻചാണ്ടി തന്നെ. കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും തുടങ്ങി എണ്ണമറ്റ എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുൻപിൽ ഉണ്ട്. സിപിഎമ്മിന്റെ കോട്ടയെന്ന് അവർ അവകാശപ്പെടുന്ന കണ്ണൂരിൽ ഒരു വിമാനത്താവളം യാഥാർത്ഥ്യമായത് ഉമ്മൻചാണ്ടിയുടെ കാലയളവിൽ ആയിരുന്നു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ആയിരുന്നു ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സംസ്ഥാനത്ത് ഉണ്ടായത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പോലും ഉമ്മൻചാണ്ടിയെ അദ്ദേഹത്തിന്റെ ഗുരുവായി ആണ് കാണുന്നത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തെ മാതൃകയായി കാണുന്ന വലിയൊരു വിഭാഗം രാഷ്ട്രീയത്തിൽ ഉയർന്നുവരുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ എല്ലാ കാലത്തും മറയാതെ മായാതെ നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ ഡിഗ്രി ,പിജി , പ്രൊഫഷണൽ കോഴ്സുകളിൽ റാങ്ക് ലഭിച്ചവർക്കും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് ലഭിച്ചവർക്കും  ഉമ്മൻചാണ്ടിയുടെ പേരിൽ അവാർഡ് നല്കി . ഡിസിസി  പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. മുൻ അലിഗഡ് മുസ്ലിം സർവകലാശാല വൈസ് ചാൻസിലർ പി കെ അബ്ദുൾ  അസീസ് , മുൻ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ എം സി ദിലീപ് കുമാർ , മുൻ മന്ത്രി കെ ബാബു, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടിജെ വിനോദ്, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം ജോൺ, കെപിസിസി വൈസ്  പ്രസിഡന്റുമാരായ വി ജെ പൗലോസ് , വി പി സജീന്ദ്രൻ  , ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, നേതാക്കളായ  അജയ്തറയിൽ , എൻ വേണുഗോപാൽ , ഡൊമിനിക് പ്രസന്റേഷൻ , കെ പി ധനപാലൻ , ജെയ്സൺ ജോസഫ് , കെ പി ഹരിദാസ് , എം എ ചന്ദ്രശേഖരൻ , ലൂഡി ലൂയിസ് , ടോണി ചമ്മിണി , കെ എം സലിം , ഐ കെ രാജു , സുനില സിബി , പി ബി സുനീർ , കെ ബി സബു , മനോജ് മൂത്തേടൻ , ടിറ്റോ ആന്റണി , തുടങ്ങിയവർ സംസാരിച്ചു .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img